കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക സംസ്ഥാനസർക്കാർ പുറത്തുവിട്ടു. പുതിയ കണക്കനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. നേരത്തെ തയാറാക്കിയ പട്ടികയിൽ 128 പേരാണ് കാണാമറയത്തുള്ളത് എന്നായിരുന്നു വിവരം. എന്നാൽ ഡിഎൻഎ ഫലം കിട്ടിയതോടെ പട്ടികയിൽ കാണാതായവരുടെ എണ്ണം കുറഞ്ഞു.
അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിനിടെ, ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. കൂടുതൽ ഡിഎൻഎ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങിയിരുന്നു

