Headlines

ആറ്റിങ്ങലില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി;  സുഹൃത്തുക്കൾക്കൊപ്പം വർക്കല ക്ലിഫിൽ പോയതെന്ന് പോലീസ്

തിരുവനന്തപുരം: ഇന്നലെ ആറ്റിങ്ങലിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞു. കയ്യിലുള്ള കാശ് തീര്‍ന്നത് കാരണം വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്.

പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി ചെന്നിരുന്നില്ല. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. 9.45 നാണ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങിയത്. പിന്നീട് ഉമര്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് ഉമര്‍ വര്‍ക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്ന് ഉമര്‍ പൊലീസിനോട് പറഞ്ഞു. കൈവശം ഉണ്ടായിരുന്ന 100 രൂപ തീര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞില്ലെന്നും കുട്ടി പറഞ്ഞു. രാത്രി പതിനൊന്നരയോടെ ഉമറിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: