ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ 2024-ൽ ആണ് ഗൂഗിൾ അവരുടെ പണമിടപാട് ആപ്പ് ആയ ഗൂഗിൾ പേയിൽ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറുകൾ വ്യക്തമാക്കിയത്. പേയ്‌മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവേർജൻസ് കൗൺസിൽ എന്നിവ ചേർന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു വാർഷിക ഫിൻടെക് കോൺഫറൻസാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്. 2020 ൽ ആയിരുന്നു ആദ്യമായി ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ആരംഭിച്ചത്. ഇതിന്റെ അഞ്ചാം പതിപ്പ് ആണ് ഇപ്പോൾ പൂർത്തിയായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു പരിപാടി. ഓഗസ്റ്റ് 28 മുതൽ 30 വരെ ആയിരുന്നു ഫെസ്റ്റ്.
ഈ വർഷം അവസാനം ആയിരിക്കും ഗൂഗിൾ പേ അവരുടെ പുതിയ ഫീച്ചറുകൾ പുറത്തിറക്കുന്നത്. ഉപയോക്താക്കൾക്ക് ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് കമ്പനി ഈ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതെന്ന് അറിയിച്ചു. റുപേ കാർഡുകൾ ഉപയോഗിച്ച് ടാപ്പ് ചെയ്‌ത് പണമടയ്‌ക്കുന്ന രീതി, യു.പി.ഐ വൗച്ചറുകൾ അഥവാ ഇ-റുപ്പി , യു.പി.ഐ സർക്കിൾ, ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ, പ്രീപെയ്ഡ് യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ, തുടങ്ങിയവ ആണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഗൂഗിൾ പ്രഖ്യാപിച്ച പുതിയ ഫീച്ചറുകൾ.
ഈ വർഷം അവസാനത്തോടെ റുപേ കാർഡുകൾ ഉപയോഗിച്ച് ടാപ്പ് ചെയ്‌ത് പണമടയ്‌ക്കുന്ന ഫീച്ചർ ഗൂഗിൾ പേയിൽ ചേർക്കും. ഈ ഫീച്ചർ എത്തുന്നതോടെ, റുപേ കാർഡ് ഉടമകൾക്ക് അവരുടെ റുപേ കാർഡ് ആപ്പിലേക്ക് ചേർക്കാനും അവരുടെ നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്‌ഫോൺ, കാർഡ് മെഷീനിൽ ടാപ്പ് ചെയ്യാനും പേയ്‌മെൻ്റുകൾ നടത്താനും കഴിയും. മാത്രമല്ല കാർഡ് വിവരങ്ങൾ ഒന്നും തന്നെ ആപ്പിൽ സംഭരിച്ചിട്ടില്ലെന്നും ഇതിനോടൊപ്പം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊന്ന് യു.പി.ഐ വൗച്ചറുകൾ അഥവാ ഇ-റുപ്പി 2021-ൽ ആരംഭിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഫീച്ചർ ഉടൻ തന്നെ ഗൂഗിൾ പേയിലേക്ക് എത്തും. ഈ ഫീച്ചർ ഉപയോഗിച്ച് ആളുകൾക്ക്, ഒരു മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു പ്രീപെയ്ഡ് വൗച്ചർ സൃഷ്‌ടിക്കാൻ കഴിയും, കൂടാതെ ഉപയോക്താവ് ഒരു ബാങ്ക് അക്കൗണ്ട് യുപിഐയുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്താൻ ഉപയോഗിക്കുകയും ചെയ്യാം. എൻ.പി.സി.ഐ, ഫിനാൻഷ്യൽ സർവീസസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഫീച്ചർ ഗൂഗിൾ പേയിൽ കൊണ്ടുവരുന്നത്.
അടുത്തത് യു.പി.ഐ സർക്കിൾ. എൻ.പി.സി.ഐ റോമിലെ ഒരു പുതിയ ഫീച്ചറാണ് യു.പി.ഐ സർക്കിൾ. ഇത് യു.പി.ഐ അക്കൗണ്ട് ഉടമകൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്താൻ കമ്പനി വിശ്വസ്തരായ ആളുകളെ അനുവദിക്കുന്നു. ബാങ്ക് അക്കൗണ്ടോ ഗൂഗിൾ പേ-ലിങ്ക്ഡ് അക്കൗണ്ടോ ഇല്ലെങ്കിലും യുപിഐ പേയ്‌മെൻ്റ് നടത്തേണ്ടവർക്ക് യു.പി.ഐ സർക്കിൾ വഴി പണമിടപാടുകൾ നടത്താനാകും. ഗൂഗിൾ ഉപയോഗിച്ച് പരിചയമില്ലാത്തവർക്കും, പ്രായമായവർക്കും ഈ ഫീച്ചർ ഉപകാരപ്രദമാകും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ പേ ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.
ഗൂഗിൾ പേയിൽ വരുന്ന ബിൽ പേയ്‌മെൻ്റുകൾക്കായുള്ള മറ്റൊരു പുതിയ ഫീച്ചറാണ് ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ. ആപ്പിനുള്ളിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ വഴി ബില്ലുകൾ അടയ്ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ. ബില്ലർ ഉപഭോക്താവിനായി ഒരു ക്യൂ.ആർ കോഡ് സൃഷ്‌ടിച്ചാൽ മാത്രമേ ഈ പേയ്‌മെൻ്റുകൾ നടത്താൻ കഴിയൂ . കൂടാതെ ഈ ഒരിക്കൽ ക്യൂ.ആർ, സ്‌കാൻ ചെയ്‌താൽ ഉപയോക്താക്കൾക്ക് അടയ്‌ക്കേണ്ട ബിൽ തുക കാണാൻ കഴിയുമെന്നും ഗൂഗിൾ പറയുന്നു . എൻ.പി.സി.ഐ ഭാരത് ബിൽപേയുടെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ ഈ ഫീച്ചർ കൊണ്ടുവരുന്നത്.

