കൊച്ചി : താര സംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ലൈംഗികാതിക്രമ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.
ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി. മുകേഷിന്റെ മരടിലെ ഫ്ലാറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുകേഷിനെതിരെ ലൈംഗിക പീഡന പരാതി നൽകുകയും കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തതിന് പിന്നാലെയാണ് പരാതിക്കാരിയെ പീഡനം നടന്നുവെന്ന് കരുതുന്ന മുകേഷിന്റെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മരടിലെ ഫ്ലാറ്റിൽ പരാതിക്കാരിയുമായി എത്തിയ പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പാണ് നടത്തിയത്.

