തിരുവനന്തപുരം: ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പ്രതിയായ സന്തോഷ്‌കുമാറി(43)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2022 ഡിസംബർ എട്ടിന് രാവിലെ കുട്ടി വീട്ടിൽനിന്ന് ബസ്സിൽ കയറി സ്കൂളിൽ പോകവെ ആണ് കേസിനാസ്പദമായ സംഭവം. ബസ്സിൽ കയറിയത് മുതൽ കുട്ടിയെ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പിൽ ഇറങ്ങുന്ന സമയം കുട്ടിയുടെ അടുത്ത് വന്ന പ്രതി സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
ഭയന്ന കുട്ടി ബസ്സിൽനിന്ന് ചാടി ഇറങ്ങി സ്കൂളിലേക്ക് ഓടിപ്പോയശേഷം കൂട്ടുകാരികളോട് വിവരം പറഞ്ഞു. തുടർന്ന് കുട്ടിയും കൂട്ടുകാരികളും ചേർന്ന് സംഭവം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ ഉടൻ പോലീസിന് വിവരം നൽകി. ബസ് തടഞ്ഞുനിർത്തിയാണ് പോലീസ് പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പേരൂർക്കട എസ്.ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്

