കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ മരിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയൽ ആണ്ടൂർ സ്വദേശിയായ ജെൻസൺ. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൺ അതീവ ഗുരുതരാവസ്ഥയിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്റെ മൂക്കിൽനിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി അനിയന്ത്രിത രക്തസ്രാവം ഉണ്ടായിരുന്നെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.

