കൊൽക്കത്ത: ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. സംഭവത്തിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഘോഷിനെയും മൊണ്ടോളിനെയും ഞായറാഴ്ച സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതിയിൽ ഹാജരാക്കും.
തെളിവ് നശിപ്പിക്കൽ, ഔദ്യോഗിക നിയമങ്ങൾ ലംഘിക്കൽ, ക്രിമിനൽ ഗൂഢാലോചന, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയിൽ ഇരുവരും പങ്കുള്ളതായി സിബിഐ പറയുന്നു. ആഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇത് പശ്ചിമ ബംഗാളിലും രാജ്യത്തും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു

