ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി അതിഷി മർലേന; കെജ്രിവാൾ ഇന്ന് വൈകിട്ട് രാജിവെക്കും




ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. അതിഷി മർലേനയാണ് ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകുക. ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് അരവിന്ദ് കെജ്രിവാൾ താൻ സ്ഥാനമൊഴിയുന്നതോടെ അതിഷി മുഖ്യമന്ത്രികാട്ടെ എന്ന നിർദ്ദേശിച്ചത്. നിലവിൽ കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായ അതിഷി ആം ആദ്മി പാർട്ടിയുടെ വക്താവ് കൂടിയാണ്.


അതിഷിയെ പുതിയ മുഖ്യമന്ത്രിയായി എഎപി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നു എന്നതും പ്രത്യേകതയാണ്. നിലവിലെ സർക്കാരിൽ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.കെജ്‌രിവാൾ ഇന്ന് വൈകീട്ടോടെ ലെഫ്‌.ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും.

തിഹാർ ജയിലിൽനിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്‌നിപരീക്ഷയിൽ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ കാലാവധി തീരാൻ അഞ്ചുമാസം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡൽഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.

മുതിർന്ന മന്ത്രിമാരായ ഗോപാൽ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എഎപിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ഒരാളുടെ പേര് മുന്നോട്ട് വെക്കാൻ പാർട്ടി നേതാവ് ദിലീപ് പാണ്ഡെ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. തുടർന്ന് കെജ്‌രിവാൾ അതിഷിയെ നിർദേശിക്കുകയായിരുന്നു. മറ്റു എംഎൽഎമാരെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ അതിഷി എഎപിയുടെ നിയമസഭാ കക്ഷി നേതാവായി മാറി.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: