Headlines

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ മുഖം

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.


ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്ന മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. രാമയണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്. ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ വരവരിയിച്ചു.

എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത നിര്‍മാല്യം (1973) കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. തൊട്ടടുത്തവര്‍ഷം പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രമായിരുന്നു പൊന്നമ്മയുടെ കരിയറിലെ നാഴിക കല്ലായിമാറത്. 1980 കളില്‍ മലയള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി പൊന്നമ്മമാറി. 1989-ല്‍, ‘ദേവദാസ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകീയത നിറഞ്ഞ കഥാപാത്രങ്ങള്‍ മുതല്‍ ഹാസ്യ കഥാപാത്രങ്ങള്‍ വരെ പൊന്നമ്മ ഇക്കാലയളവില്‍ അനായാസം വെള്ളിത്തരയില്‍ അവതരിപ്പിച്ചു.

നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ടിവി സീരിയലുകളിലും പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഗായികയായും മികവ് പുലര്‍ത്തി. 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ ടി പി ദാമോദരന്‍ ഗൗരി ദമ്പതികളുടെ മകളായാണ് പൊന്നമ്മയുടെ ജനനം. സിനിമ നിര്‍മാതാവ് എം കെ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള്‍ ബിന്ദു. നടി കവിയൂര്‍ രേണുക സഹോദരിയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: