മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം സ്വാഗതം ചെയ്തതിനെ തള്ളി കോൺഗ്രസും മുസ്ലിം ലീഗ് നേതൃത്വവും. അൻവറിനെ പോലുള്ള ഒരാളിനെ മുന്നണിക്ക് ആവശ്യല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ്റെ പ്രതികരണം. ചെങ്കൊടി പിടിച്ച് അൻവർ മുന്നോട്ട് പോകട്ടെ. ഇപ്പോൾ എന്ത് ചക്കര വർത്തമാനം പറഞ്ഞാലും മുന്നണി ഏറ്റെടുക്കില്ല. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന പരാമർശമടക്കമുള്ള മുൻ നിലപാടുകൾ പൊറുക്കാനാവില്ലെന്നും ഹസൻ പറഞ്ഞു.
അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാടിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞു. അൻവർ യുഡിഎഫിലേക്ക് വരുന്ന കാര്യം തങ്ങളുടെ ചർച്ചയിലോ ചിന്തയിലോ ഇല്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് നേതാവ് പ്രതികരിച്ചിരുന്നു.
ഇടത് എംഎൽഎയെ മുന്നണിയിലേക്ക് ക്ഷണിച്ച് ഒന്നിച്ച് പോരാടാം എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മണ്ഡലം പ്രസിഡൻ്റ് ഇക്ബാൽ മുണ്ടേരി പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട് അറിയിച്ചത്. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല.
പിണറായി വിജയൻ ആരാണെന് ബോധ്യപ്പെടുത്തിയതിന് ശേഷം അൻവർ ലീഗിലെത്തുമെന്ന സൂചനയാണ് ഇക്ബാൽ മുണ്ടേരി പോസ്റ്റിലൂടെ നൽകുന്നത്. ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസ് കാരനായ അൻവർ തയാറാകും എന്ന സാധ്യതയും കുറിപ്പിലുണ്ട്.

