ബെംഗളൂരു: പെൺകുട്ടിയുടെ ഇരട്ട പ്രണയം യുവാവിന്റെ ജീവനെടുത്തു. ഉഡുപ്പി സ്വദേശി വരുൺ കൊടിയൻ എന്ന ഇരുപത്തിനാലുകാരനെയാണ് സുഹൃത്ത് കുത്തികൊലപ്പെടുത്തിയത്. ഉഡുപ്പി സ്വദേശിയായ ദിവേഷ് ആണ് വരുണിനെ കൊലപ്പെടുത്തിയത്. ഇരുപത്തഞ്ചുകാരനായ ദിവേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കാമുകിയായ പെൺകുട്ടിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബെംഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ചയാണ് രാവിലെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ വാടക വീട്ടിലായിരുന്നു താമസം. പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി ചെയ്യുകയാണ്.
ദിവേഷും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി വരുണുമായും ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി രണ്ട് സുഹൃത്തുക്കളും പലപ്പോഴും വഴക്കിട്ടിരുന്നു. ശനിയാഴ്ച രാവിലെ, ദിവേഷ് വരുണിൻ്റെ തലയിൽ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഞ്ജയ്‌നഗർ പൊലീസ് അന്വേഷണം തുടരുകയാണ്

