Headlines

22 വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ച പാമ്പിനെ ചിതയിൽ വച്ച് നാട്ടുകാർ ചുട്ടുകൊന്നു

കോർബ: ഛത്തീസ്ഗഡിലെ കോർബയിൽ 22 വയസുകാരനെ കടിച്ചുകൊന്ന പാമ്പിനെയും ചിതയിൽ വച്ച് നാട്ടുകാർ ചുട്ടുകൊന്നു. ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. പാമ്പ് ഇനി മറ്റാരെയെങ്കിലും കടിക്കുമെന്ന ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. പാമ്പിനെ കൊന്നതിന് ആളുകൾക്കെതിരെ നടപടിയെടുക്കില്ലെന്നും പകരം ബോധവത്കരണം നടത്തുമെന്ന് അധികൃതരും പ്രതികരിച്ചു.

ശനിയാഴ്ച രാത്രിയാണ് ദിഗേശ്വർ രത്തിയ എന്ന യുവാവിനെ ബൈഗമർ ഗ്രാമത്തിലെ തന്റെ വീടിനുള്ളിൽ വെച്ച് കടുത്ത വിഷമുള്ള പാമ്പ് കടിച്ചത്. രാത്രി ഉറങ്ങാൻ നേരം കിടക്ക ശരിയാക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. യുവാവ് വീട്ടുകാരെ അറിയിക്കുകയും പിന്നാലെ കോർബയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ യുവാവ് മരിച്ചു. പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

സംഭവത്തിന് പിന്നാലെ നാട്ടുകാർ കടിച്ച പാമ്പിനെ പിടിച്ച് ഒരു കൂടയിൽ അടച്ച് സൂക്ഷിച്ചു. പിന്നീട് ഇതിനെ ഒരു വടിയിൽ കയർ ഉപയോഗിച്ച് ബന്ധിച്ചു. വീട്ടിൽ നിന്ന് യുവാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോൾ കൂടെ പാമ്പിനെയും വടിയിൽ കെട്ടി കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പിന്നീട് യുവാവിന്റെ ചിതയിൽ തന്നെ വെച്ച് പാമ്പിനെയും കത്തിക്കുകയായിരുന്നു.

സംഭവത്തിൽ നാട്ടുകാർക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് കോർബ സബ് ഡിവിഷണൽ ഓഫീസർ ആഷിശ് ഖേൽവാർ പറഞ്ഞു. പാമ്പിനെ കൊല്ലുന്നതിനെതിരെയും ആവാസ വ്യവസ്ഥയിൽ അവയുടെ പങ്കിനെ കുറിച്ചും ആളുകളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകയുണ്ടെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: