ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനു തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനു തിരിച്ചടി. താരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം.

വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ കേസ്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: