കാന്‍പുര്‍: മഴ തകർത്ത സ്വപ്നത്തിലേക്ക് ആവേശകരമായ കുതിപ്പ്, ഒടുവിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏവരും സമനിലയെന്ന് ഉറപ്പിച്ച മത്സരം രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. മൂന്നു ദിവസം മഴയില്‍ നഷ്ടപ്പെട്ടപ്പെട്ടതോടെ വിരസമായ സമനിലയില്‍ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ വരുതിയിലാക്കിയത്. രണ്ടാം ഇന്ന്ങ്ങിസില്‍ ജയ്‌സ്വാള്‍(51), കോലി(29 നോട്ടൗട്ട്) എന്നിവര്‍ തിളങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയ്‌സ്വാളിനെ കൂടാതെ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ആറു റണ്‍സില്‍ നില്‍ക്കെ ശുബ്മാന്‍ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.
രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 26 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി അവസാനിപ്പിച്ച ബംഗ്ലാദേശിന് ഇന്ന് 120 റണ്‍സേ ചേര്‍ക്കാനുയൂള്ളൂ. ബുംറയക്കും അശ്വിനും ജഡേജയ്ക്കും മുമ്പില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ കറങ്ങി വീണു. മൂവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ്ദീപ് ഒരു വിക്കറ്റും നേടി.
നേരത്തെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാസ്‌ബോള്‍ ശൈലിയാണ് മത്സരത്തെ പൊടുന്നനെ സജീവമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 233 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റില്‍ 285 അടിച്ച് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് എതിരാളികളെ വീണ്ടും ബാറ്റിങ്ങിനയക്കുകയായിരുന്നു.

