തിരുവനന്തപുരം : 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ പത്തനംതിട്ട ഇലന്തൂരിലെ വീട്ടിൽ എത്തിക്കും. പൊതു ദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും.
തുടർന്ന്, പള്ളിയിൽ പൊതു ദർശനം ഉണ്ടാകുന്നതാണ്. ശേഷം 2 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തിൽ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
1968 ഫെബ്രുവരി 7 ന് ലഡാക്കിൽ ഉണ്ടായ ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള 102 പേർ മരിച്ചത്. പരിശീലനത്തിന് ശേഷം 1968 ഫെബ്രുവരി എഴിന് പോസ്റ്റിംഗ് കിട്ടി പോകുന്ന വഴിയുണ്ടായ വിമാനാപകടത്തിലായിരുന്നു തോമസിന്റെ മരണം.
സെപ്റ്റംബർ 28-നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച രേഖകളിലൂടെയാണ് സൈന്യത്തിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. വിമാനപകടത്തിൽ മരണപ്പെടുന്ന സമയത്ത് 22 വയസ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം.

