ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ള നിക്ഷേപത്തിന്റെ കണക്ക് പുറത്ത്. 1084.76 കിലോ സ്വര്‍ണം, 2053 കോടി സ്ഥിരനിക്ഷേപം,271 ഏക്കർ ഭൂമി ഇങ്ങനെ തുടരുന്നുഗുരുവായൂർ ദേവസ്വത്തിന്റെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്.
ഗുരുവായൂർ ദേവസ്വത്തിന് വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നുമുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെയാണ് സ്വർണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചിരിക്കുന്നത്. രേഖകള്‍ പ്രകാരം 1084.76 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായിട്ടുള്ളത്. 869.2 കിലോ എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
സ്ഥിരനിക്ഷേപം, സ്വർണ നിക്ഷേപം എന്നിവ വഴി എസ്ബിഐയില്‍ നിന്ന് മാത്രം കഴിഞ്ഞ സാമ്ബത്തിക വർഷം 7 കോടിയിലേറെ രൂപ പലിശയിനത്തില്‍ ദേവസ്വത്തിന് ലഭിച്ചു. അതിന് മുൻവർഷങ്ങളില്‍ ആറര കോടിയിലേറെ രൂപയാണ് പലിശ ലഭിച്ചിരുന്നത്. നിത്യോപയോഗ വകയില്‍ 141.16 കിലോ സ്വർണമാണ് ദേവസ്വത്തിൻ്റെ കൈവശമുള്ളത്. കല്ലുകള്‍ പതിച്ചവ 73.93 കിലോയും. എന്നാല്‍ ഈ സ്വർണ്ണമടക്കമുള്ള സ്വത്തുക്കളുടെ മൂല്യനിർണയം ഇതുവരെ നടത്തിയിട്ടില്ല.
ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുക്കള്‍ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതിയിലുണ്ട്. ഹർജി അടുത്തയാഴ്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

