ആധാർ വിവരങ്ങൾ വെച്ച് അക്കൗണ്ട് ബാലൻസ് മനസ്സിലാക്കി; ശേഷം സിബിഐ ഓഫീസർ ചമഞ്ഞ് 13ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു



കണ്ണൂർ: ആധാർ വിവരങ്ങൾ വെച്ച് അക്കൗണ്ട് ബാലൻസ് മനസ്സിലാക്കിയ ശേഷം സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് പിടിയിലായത്. 13 ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ ഇവർ ചാലാട് സ്വദേശിയായ വ്യക്തിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന വ്യാജേന ഫോൺ ചെയ്യുകയായിരുന്നു. വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാൻ പണം വേണമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സിബിഐ ഓഫീസറായി എത്തുക വടക്കേ ഇന്ത്യൻ സ്വദേശിയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും സംഭാഷണം കൂടെ ആകുമ്പോൾ ആരും വിശ്വസിക്കും.

നാഗ്പൂരിലെ എസ്ബിഐ അക്കൗണ്ടിലേക്കാണ് പണം നൽകാൻ പറഞ്ഞത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ തൃശ്ശൂർ സ്വദേശിയായ ജിതിൻ ദാസിന്റെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ഇർഫാൻ ഇക്ബാലിന് കൈമാറുകയായിരുന്നു. ഈ പണം തട്ടിപ്പിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഘത്തിലെ മറ്റുള്ളവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: