കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടൻ നടപ്പാക്കില്ല തീരുമാനിക്കേണ്ടത് സർക്കാർ: ഗതാഗത കമ്മീഷണറെ തിരുത്തി മന്ത്രി



      

തിരുവനന്തപുരം : കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ് മന്ത്രി രംഗത്തെത്തിയത്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണം മാത്രമാണ് ഉദ്ദേശിച്ചത്. നിയമത്തില്‍ പറയുന്ന കാര്യം ഗതാഗത കമ്മിഷണര്‍ പറഞ്ഞുവെന്നേ ഉള്ളു. നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ബലം പ്രയോഗിച്ച് നടപ്പാക്കില്ല. കൂടിയാലോചന നടത്താന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ല. കഴിവതും കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്താന്‍ ശ്രദ്ധിക്കുക. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണ്. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മിഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ നിന്നാല്‍ കേരളത്തില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: