തലൈവർ രജനികാന്ത് ,മുത്തുവേൽ പാണ്ഡ്യനായി തിയേറ്ററുകൾ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിനായി അപ്പോളോ ഹോസ്പിറ്റൽ ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിയ്‌ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്‌ച്ചേഴ്‌സിനെ പ്രതിനിധീകരിച്ച് കാവേരി കലാനിധിയാണ് ധനസഹായം കൈമാറിയത്.
500 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രമായ ജയിലർ സകല റെക്കോർഡുകളും ഭേദിച്ച് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപ നേടിയ ചിത്രം ആദ്യ ആഴ്ചയിൽ 375 കോടി രൂപയാണ് നേടിയത്. മലായാളികളുടെ സ്വന്തം ലാലേട്ടനും കന്നട താരം ശിവരാജ് കുമാറും ചിത്രത്തിൽ രംഗപ്രവേശനം നടത്തിയതോടെ ചിത്രത്തെ മറ്റൊരു തലത്തിലാണ് എത്തിച്ചത്. സൺ പിക്‌ച്ചേഴിന്റെ ബാനറിൽ കലാനിധിരാമനാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. നെൽസണാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്
