കുട്ടനാട്: ഓൺലൈൻ ഗെയിംസിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ. കോയമ്പത്തൂർ സ്വദേശിയായ 38കാരൻ സുന്ദർ സിങ്ങാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് രാമങ്കരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ഓൺലൈൻ ഗെയിംസ് വഴി രാമങ്കരി സ്വദേശിനിയിൽ നിന്നു മൂന്നര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പ്രതി പലരിൽ നിന്നായി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവത്തിൽ ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും രാമങ്കരി പൊലീസ് അറിയിച്ചു. അമ്പലപ്പുഴ ഡി വൈ എസ് പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി ജയകുമാർ, ഗ്രേഡ് എസ് ഐ പി പി പ്രേംജിത്ത്, സ്പെഷൽ ബ്രാഞ്ച് എസ് ഐ ഡി സുനിൽകുമാർ, സി പി ഒമാരായ ജി സുഭാഷ്, എസ് വിഷ്ണു, ബി മനു എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
