കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഗൗരി.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിശീലനത്തിനിടെ ഗൗരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പരിശീലനത്തിൽ പങ്കെടുക്കാതെ ഗൗരി മൈതാനത്തിന് പുറത്തിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതോടെ ഗൗരിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഗൗരിയ്ക്ക് ജീവൻ നഷ്ടമായി.
മണ്ണഞ്ചേരി 15-ാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. പൂജ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗൗരി കോളേജിൽ തിരിച്ചെത്തിയത്.

