പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരികമായിട്ടാണ് ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു.
വലിയ പ്രതിസന്ധികള്‍ ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഉമ്മയോട് പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞത്. ആലോചിച്ച് ചെയ്യണം എന്നാണ് ഉമ്മ പറഞ്ഞത്. ഉമ്മ അണ്‍എയിഡഡ് കോളേജിലെ അറബിക് ടീച്ചറായിരുന്നു. പട്ടാമ്പിയില്‍ വെച്ച് ജില്ലാ ക്യാമ്പ് നടത്തിയ സമയത്ത് എറണാകുളത്ത് നിന്നും ബാഗ് ഓര്‍ഡര്‍ ചെയ്തു. പാര്‍ട്ടി നേതാക്കള്‍ സഹായിക്കുമെന്ന് വിചാരിച്ചാണ് ചെയ്തത്. പൈസ കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഒടുക്കം ഉമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ബാഗ് നിര്‍മ്മിച്ച നാസര്‍ക്ക പോയി. പോര്‍ബന്ധര്‍ എന്നായിരുന്നു ക്യാമ്പിന്റെ പേര്. അന്ന് പാര്‍ട്ടി വിട്ടിട്ടില്ല. വ്യക്തിപരമായ കാരണത്തിന്റെ പുറത്തൊന്നും പാര്‍ട്ടി വിട്ടിട്ടില്ല. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ പോയശേഷം പരാതി കേള്‍ക്കാന്‍ ആളില്ല. ഉമ്മന്‍ചാണ്ടി സാറിന്റെ പേരില്‍ നടത്തുന്ന നാടകം കണ്ടിട്ടാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു. രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. സിപിഐഎമ്മിലേക്ക് പോകില്ല. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.