എറണാകുളം :ഒക്‌ടോബർ 27ന് എം.കെ. സാനുമാസ്റ്ററുടെ ജന്മദിനമാണ്. കേരളത്തിൻ്റെ മനസാക്ഷിയായി മാറിയ അപൂർവ്വ പ്രതിഭയാണ് പ്രൊഫ. എം.കെ. സാനു. ചുറ്റിലും പടരുന്ന അനീതികളോടും വിവേചനങ്ങളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ആ ബൗദ്ധിക പ്രതിഭാസം മലയാളികളുടെ അഭിമാന പ്രതീകമായി. സ്വന്തം ജീവിതം കൊണ്ട് ധാർമ്മികതയുടെ പ്രതിപുരുഷനും അവധൂതനും ആകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അദ്ധ്യാപന വഴിയിൽ വിസ്മയക്കാഴ്ചയായ സാനുമാസ്റ്റർ മലയാളത്തിൻറെ മഹാഗുരുനാഥനായി രൂപാന്തരം പ്രാപിച്ചു. വിമർശന സാഹിത്യത്തിലേയ്ക്ക് കാറ്റും വെളിച്ചവും കടത്തിക്കൊണ്ടു വന്ന് അതിനെ മഹത്തായ ജനാധിപത്യ പ്രക്രിയയാക്കിമാറ്റി. സങ്കീർത്തനം പോലെ ഒഴുകുന്ന പ്രഭാഷണങ്ങളാൽ പ്രസംഗ വേദികളെ പ്രകാശ പ്രസരണികളാക്കി.
സഹോദരൻ അയ്യപ്പൻ്റെ സാർത്ഥകമായ ജീവിതത്തെ അക്ഷരങ്ങളിൽ ഒപ്പിയെടുക്കുക മാത്രമല്ല, സഹോദര സന്ദേശത്തിൻറെ നിത്യസ്രോതസ്സായി വർത്തിക്കുകയും ചെയ്തു. എക്കാലത്തും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മാർഗ്ഗദീപമായി വിരാജിച്ചു. ജീവിത സായാഹ്നത്തിലും ശ്രീനാരായണ ധർമ്മ പരിപാലനത്തിനായുള്ള ധീരോദാത്തമായ പോരാട്ടം സാനുമാസ്റ്റർ തുടർന്നുകൊണ്ടേയിരിക്കുന്നു.
പാവന ചരിതനായ എം.കെ. സാനുമാസ്റ്ററുടെ 98-ാം ജന്മദിനം ഒക്‌ടോബർ 27ന് ശ്രീനാരായണ സേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം സഹോദര സൗധത്തിൽ വച്ച് ആഘോഷിക്കും. രാവിലെ 9.30ന് ജന്മദിനാഘോഷ പരിപാടികൾ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും കെ.പി.സി.സി. സംഘടനാ സെക്രട്ടറി അഡ്വ. എം.ലിജു മുഖ്യപ്രഭാഷണവും നടത്തും. ഗോകുലം ഗോപാലൻ സാനുമാസ്റ്ററെ പൊന്നാടയണിയിക്കും. എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ് ഉപഹാരം സമർപ്പിക്കും. സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി അഡ്വ. സി.എൻ. മോഹനൻ, കിളിമാനൂർ ചന്ദ്രബാബു, ബിജു രമേശ്, ഡി. രാജ്‌കുമാർ ഉണ്ണി, കെ.എൻ. ബാൽ ഐ.പി.എസ് (റിട്ട), അഡ്വ. എസ്. ചന്ദ്രസേനൻ, സൗത്ത് ഇന്ത്യൻ വിനോദ്, പി.പി. രാജൻ, അഡ്വ. ആർ. അജന്തകുമാർ എന്നിവർ പ്രസംഗിക്കും. എം.കെ. സാനു മാഷ് മറുപടി പറയും.
പത്ര സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, ശ്രീനാരായണ സുഹൃദ് സദസ്സ് വർക്കിംഗ് ചെയർമാൻ അഡ്വ.ആർ. അജന്തകുമാർ, എറണാകുളം ജില്ലാ കൺവീനർ, അഡ്വ. പി.എം. മധു, ടി.എസ്. അംജിത്ത് എന്നിവർ പങ്കെടുത്തു.
