കോഴിക്കോട്: കൂടുതൽ സീറ്റുകളും കുറഞ്ഞ യാത്രാനിരക്കുമായി നവകേരള ബസ് ഉടൻ സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലെത്തുന്ന ബസിന്റെ ടിക്കറ്റ് നിരക്കും കുറയുമെന്നാണ് സൂചന. 26 സീറ്റുകളുണ്ടായിരുന്ന ബസിന്റ സീറ്റുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ ബെംഗളൂരുവിലെ വർക്ക് ഷോപ്പിൽ പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കി ബസ് തിരിച്ചെത്തും.
ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ജൂലായ് മുതൽ കോഴിക്കോട് നടക്കാവ് റീജണൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്തായിരുന്നു. അവിടെ ഒരു മാസത്തോളം പൊടിപിടിച്ചുകിടന്നശേഷമാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. യാത്രക്കാർ കുറഞ്ഞ് സർവീസ് നഷ്ടത്തിലായതോടെ മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടിവരുമെന്ന അവസ്ഥ വന്നതോടെയാണ് രൂപമാറ്റം വരുത്താൻ തീരുമാനിച്ചത്.
26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. ബസിനുപുറകിൽ വാതിൽമുതലുള്ള ഭാഗം ടോയ്‌ലറ്റും വാഷിങ് ഏരിയയുമായിരുന്നു. അത് പൊളിച്ചുമാറ്റി ടോയ്‌ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കയറാൻവേണ്ടി സജ്ജീകരിച്ച വാഹനമായതിനാൽ മുൻഭാഗത്ത് ഹൈേഡ്രാളിക് ലിഫ്റ്റും പുറകിൽ ഓട്ടോമാറ്റിക് വാതിലുമായിരുന്നു. ഹൈഡ്രാളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.
നേരത്തേ നവകേരള ബസ്, ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നു. അത് നഷ്ടത്തിലാണ് കലാശിച്ചത്. വി.ഐ.പി. പദവി ഇല്ലാതാവുന്നതോടെ യാത്രാനിരക്കും കുറയും. 1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. ഇനി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എ.സി. ബസിന്റെ ടിക്കറ്റ് എടുത്ത് യാത്രചെയ്യാം. അപ്പോൾ നിരക്ക് പകുതിയോളമാകും.
എല്ലാദിവസവും ബെംഗളൂരുവിലേക്ക് യാത്രക്കാർ ഉണ്ടായിരുന്നില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തും പതിനഞ്ചും യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് പുറപ്പെടാറുള്ള ബസ്, യാത്രക്കാരില്ലാതെ പലദിവസങ്ങളിലും സർവീസ് റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലായ്‌ക്കുശേഷം സർവീസ് നടത്തിയിരുന്നില്ല. മേയ് ആറിനാണ് നവകേരളബസ് കെ.എസ്.ആർ.ടി.സി. സർവീസാക്കി മാറ്റിയത്.
എല്ലാ ദിവസവും പുലർച്ചെ നാലിനായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. സമയത്തിലെ അശാസ്ത്രീയതയും യാത്രക്കാർ കുറയാൻ കാരണമായിരുന്നു. അന്ന് ബസിന്റെ സമയം രാവിലെ ആറുമണിയിലേക്ക് മാറ്റാൻ പ്രൊപ്പോസൽ കൊടുത്തിരുന്നു. ബസ് വീണ്ടും പുറത്തിറങ്ങുമ്പോൾ സമയംമാറ്റുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.
