Headlines

പൊന്നാനി ബലാൽസംഗ ആരോപണം  ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന വിധി ഹൈക്കോടതി റദ്ദാക്കി




കൊച്ചി : ആരോപണത്തില്‍ എസ്പിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കണമെന്ന വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. പീഡനമാരോപിച്ച് 2022ല്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാരോപിച്ച് യുവതി നേരത്തെ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പോലിസ് ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്നാണ് മലപ്പുറം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ പീഡനം നടന്ന സ്ഥലങ്ങള്‍, സമയം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മൊഴിയില്‍ വ്യക്തത തേടി നോട്ടീസ് അയച്ചെങ്കിലും പരാതിക്കാരിയും സാക്ഷികളും എത്തിയില്ല. പരാതിക്കാരിയുടെ ബന്ധു പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. അവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന സംശയമുണ്ട്.എസ്എച്ച്ഒ വിനോദ് പീഡിപ്പിച്ചെന്ന് യുവതി പറയുന്ന ദിവസം അയാള്‍ കോയമ്പത്തൂര്‍ ആയിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. സുജിത് ദാസ് ഐപിഎസ്, ഡിവൈഎസ്പി ബെന്നി എന്നിവര്‍ക്കെതിരെ ഇപ്പോഴാണ് യുവതി പരാതി പറയുന്നത്. അവരെ കുറിച്ചുള്ള അന്വേഷണത്തിലും തെളിവുകളൊന്നുമില്ല. ഓരോ കാലത്തും ഓരോരുത്തര്‍ക്കെതിരെ യുവതി ആരോപണം ഉന്നയിക്കുകയാണ്.പൊലിസ് ഉദ്യോഗസ്ഥരെ നിര്‍ഭയം ജോലി ചെയ്യുന്നതില്‍ നിന്ന് തടയാനും അവരെ പൊതുജന മധ്യത്തില്‍ താറടിച്ച് കാണിക്കാനുമാണ് പരാതി നല്‍കിയിരിക്കുന്നതെന്നും അഡീഷണല്‍ പൊലിസ് സൂപ്രണ്ടിന്റെ സത്യവാങ്മൂലം പറയുന്നു. ഇതെല്ലാം പരിശോധിച്ചാണ് കേസെടുക്കാനുള്ള പൊന്നാനി കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: