ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ; പ്രേംകുമാറിന് മറുപടിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി




കൊച്ചി: ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ത്തില്‍ വിമര്‍ശനവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.പ്രേംകുമാര്‍ സീരിയലിലൂടെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോയെന്നാണ് ധര്‍മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഞാന്‍ മൂന്നു മെഗാ സീരിയല്‍ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ, ധര്‍മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍, ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അ?തിനിടെ സെന്‍സറിങ്ങിന് സമയമില്ല.’

ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവെക്കുന്നതെന്നും കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണമെന്നും പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു. വനിതാ കമ്മിഷനും സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മെഗാ സീരിയലുകള്‍ക്ക് പകരം 20-30 എപ്പിസോഡുകളുള്ള സീരിയലുകള്‍ മതിയെന്നും ഒരു ചാനലില്‍ ദിവസം രണ്ട് സീരിയലുകളേ അനുവദിക്കാവൂ എന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സമാനമായ ആവശ്യവുമായി രംഗത്തെത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: