കോട്ടയം: പുതുപ്പള്ളിയിൽ വൻ വിജയവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 37719 വോട്ടിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നിലതന്നെ ചാണ്ടി ഉമ്മന് അനുകൂലമായിരുന്നു. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിലും വ്യക്തമായ ആധിപത്യം ചാണ്ടി ഉമ്മൻ നേടി. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ് എന്ന റെക്കോഡാണ് പഴങ്കഥയായത്. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ജെയ്ക്ക് സി തോമസിന്റെ ഹാട്രിക് തോൽവിയോടെ കനത്ത തിരിച്ചടിയാണ് എൽഡിഎഫിന് കിട്ടിയത്. ചാണ്ടി ഉമ്മന്‍റെ തേരോട്ടത്തിൽ ഇടതുശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. ജെയ്ക്ക് സി തോമസിന് സ്വന്തം തട്ടകമായ മണർകാടും ചാണ്ടി ഉമ്മൻ വൻ ലീഡ് നേടി. പുതുപ്പള്ളി മണ്ഡലത്തിൽ ഒരൊറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തിലാണ് ജെയ്ക്കിന് 15 വോട്ടിന്‍റെ ലീഡ് ലഭിച്ചത്.
2021ൽ ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പോരാട്ടം പുറത്തെടുത്ത തെരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിന് മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ ലീഡുണ്ടായിരുന്നു. എന്നാൽ ഈ രണ്ടു പഞ്ചായത്തുകളും ഇത്തവണ ജെയ്ക്കിനെ കൈവിട്ടു. മന്ത്രി വി എൻ വാസവന്‍റെ ബൂത്തിലും ലീഡ് ചാണ്ടി ഉമ്മനാണ്.