ലഖ്നൗ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കറങ്ങി കൊണ്ടിരിക്കുന്ന ആകാശതൊട്ടിലിൽ നിന്ന് തെന്നിവീണ 13 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
അറുപത് അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു അപകടം. ദൃക്സാക്ഷികൾ കൂക്കിവിളിച്ചതോടെയാണ് അപകടം സംഘാടകരുടെ ശ്രദ്ധയിൽ പെട്ടത്. ഓപ്പറേറ്റർ പതിയെ ആകാശത്തൊട്ടിൽ താഴത്തേക്ക് ഇറക്കി.
കമ്പിയിൽ കുടുങ്ങിക്കിടന്നപെൺകുട്ടിയെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. പെട്ടെന്ന് ആകാശത്തൊട്ടിൽ ഉയർന്നപ്പോൾ കുട്ടിയുടെ കൈ തെന്നിപ്പോവുകയായിരുന്നു എന്നാണ് പ്രാധമിക നിഗമനം. ലഖീംപൂർഖേരിയിലെ രാഖേതി ഗ്രാമത്തിൽ നടന്ന ഒരു പ്രാദേശിക മേളയിലായിരുന്നു സംഭവം.
ആകാശത്തൊട്ടിൽ അനുമതിയില്ലാതെയാണ് പ്രവർത്തിപ്പിച്ചതെന്നെന്നും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും സബ്കളക്ടർ അറിയിച്ചു.
തൊട്ടിൽ അറുപത് അടി ഉയരത്തിൽ നിൽക്കുമ്പോൾ നിലത്തു വീഴാതെ മെറ്റൽ ബാറിൽ പിടിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്‌ഡിഎം) രാജീവ് കുമാർ നിഗത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി തൊട്ടിൽ സീൽ ചെയ്തു.മേള നിർത്തലാക്കിയതായും അന്വേഷണത്തിനൊടുവിൽ കൂടുതൽ നടപടകളിലേക്ക് കടക്കുമെന്നും രാജീവ് കുമാർ പ്രതികരിച്ചു.