അടിച്ചാൽ തിരിച്ചടിക്കണം, തിരിച്ചടിച്ചത് നന്നായെന്ന് പറയിപ്പിക്കണം; പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ല’; വീണ്ടും വിവാദ പ്രസ്താവനയുമായി എം എം മണി

ഇടുക്കി: പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും വിവാദപ്രസ്താവനയുമായി എം എം മണി. താനടക്കമുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്നും എം എം മണി പറഞ്ഞു. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം.

നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസം​ഗത്തിൽ പറഞ്ഞു. ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാൽ പോയി എന്ന് എംഎം മണി പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കാണുന്നവരും കേൾക്കുന്നവരും ശരിയായെന്ന് പറയണം. ജനങ്ങൾ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങൾ സ്വീകരിക്കരുതെന്ന് മണി പറഞ്ഞു. അല്ലെങ്കിൽ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.

ഇതിനുമുൻപും എം എം മണി വിവാദപ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണു മണി പ്രസംഗത്തിൽ പരാമർശിച്ചത്. ഇതേത്തുടർന്ന് മണക്കാട് പ്രസംഗത്തിന്റെ പേരിൽ മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

പ്രകോപനപരവും ഭീതി പരത്തുന്നതും ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പോലീസ് ഉദ്യോഗസ്‌ഥനെ ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകളും മണിക്കെതിരെ ചുമത്തിയാണ് കേസെടുത്തത്. അന്ന് ഈ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മണക്കാട്ടെ പ്രസംഗം വിവാദമായതിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ വധക്കേസുകളിൽ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇതിൽ ബേബി അഞ്ചേരി വധക്കേസിൽ മാത്രമാണു തൊടുപുഴ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: