തെഹ്റാൻ: സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡൻ്റ് ബഷർ അൽ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതർ ദമാസ്കസ് പിടിച്ചെടുക്കുന്നതിന് മുൻപ് അൽ അസദ് ഐ.എൽ -76 എയർക്രാഫ്റ്റിൽ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ.
റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തിൽ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിർത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കേഴ്‌സിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിൻ തകറിലായതാണെന്ന് മറ്റൊരു വാദവുമുണ്ട്.
നവംബർ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ സിറിയ ആസ്ഥാനമായുള്ള വിമതർ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അൽ അസദിന്റെ പതനത്തിൽ നിർണായകമായത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകർന്നു. അസദിൻ്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തിൽ വ്യാപൃതരായി. ഇക്കാരണത്താൽ സിറിയയുടെ വിഷയത്തിൽ ശക്തമായി ഇടപെടാൻ ഇവർ വിമുഖത കാണിക്കുകയും ചെയ്തു.
