രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്‌പോര്;എന്‍ഡിഎ ഭരണഘടനയും ജനാധിപത്യവും ശക്തിപ്പെടുത്താനായി ഒന്നും ചെയ്തിട്ടില്ലെന്ന് ഖാര്‍ഗെ





ന്യൂഡല്‍ഹി: ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്‌പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് ശക്തമായ വാക്‌പോരിന് സഭ സാക്ഷ്യംവഹിച്ചത്.

മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത് രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആയിരുന്നില്ല, അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആദ്യ സര്‍ക്കാര്‍തന്നെ അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നുവെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു.

ഇതോടെയാണ് കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഖാര്‍ഗെ രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നല്ലതാണെങ്കിലും പ്രവൃത്തി നല്ലതല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് വായിക്കാനറിയാം. എന്നാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പഠിച്ചത് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലാണ്. അവരുടെ ഇംഗ്ലീഷ് വളരെ മികച്ചതാണെന്നതില്‍ സംശയമില്ല, ഹിന്ദിയും മികച്ചതാണ്. എന്നാല്‍ പ്രവൃത്തി നല്ലതല്ല’- ഖാര്‍ഗെ വിമര്‍ശിച്ചു.




മനുസ്മൃതി അനുസരിച്ച് നിമയനിര്‍മാണം നടത്താന്‍ ഉദ്ദേശിച്ചവരാണ് ബിജെപിക്കാര്‍. ഭരണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ബിജെപിയും അതിന്റെ മാതൃ സംഘടനകളായ ജനസംഘം, രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) എന്നിവര്‍ ത്രിവര്‍ണ്ണ പതാകയെയും ഭരണഘടനയെയും എതിര്‍ത്തിരുന്നതായും ഭരണഘടന കത്തിച്ചവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയുടെ 11 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഭരണഘടനയും ജനാധിപത്യവും ശക്തിപ്പെടുത്താനായി ഒന്നും ചെയ്തിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. ലോക്സഭയില്‍ പ്രധാനമന്ത്രി കളളമാണ് പറയുന്നത്. പ്രധാനമന്ത്രി ഭൂതകാലത്തിലോ മിഥ്യയിലോ ജീവിക്കുന്നു, പക്ഷേ ഒരിക്കലും വര്‍ത്തമാനകാലത്ത് ജീവിക്കുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: