മൈസൂരു: 2021-ലാണ് മൈസൂരു ജില്ലയിലെ ഹുൻസൂരിൽനിന്നുള്ള ദമ്പതിമാർക്ക് ആൺകുഞ്ഞു പിറക്കുന്നത്. എന്നാൽ കുഞ്ഞിന്റെ പേരിനെ ചൊല്ലി ഭാര്യയും ഭർത്താവും പിണക്കത്തിലായി. ഒടുവിൽ മൂന്നുവയസ്സ് തികഞ്ഞ കുഞ്ഞിന് മൈസൂരു ജില്ലയിലെ ഹുൻസൂരിലെ എട്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ആര്യവർധന എന്ന് പേരിട്ടു. അതോടെ പിണക്കത്തിലായിരുന്ന ദമ്പതിമാർ മധുരം നുകർന്നും പരസ്പരം മാല കൈമാറിയും വീണ്ടും ഒന്നാകുകയും ചെയ്തു.
അമ്മ കുഞ്ഞിനെ ‘ആദി’ എന്ന് പേരിട്ടാണ് വിളിച്ചത്. എന്നാൽ, യുവതി ഗർഭിണിയായതിനുശേഷം അകന്നുകഴിയുന്ന ഭർത്താവിന് ഈ പേര് അത്ര ഇഷ്ടമായില്ല. ‘ശനി’ ദേവനെ പ്രതിഫലിപ്പിക്കുന്ന മറ്റൊരു പേര് വേണമെന്നായിരുന്നു ഭർത്താവിന് താത്പര്യം. ഇരുവരും തമ്മിലുള്ള പിണക്കം പേരിടുന്നതിലൂടെ കൂടുതൽ രൂക്ഷമായി.
വേർപിരിഞ്ഞു കഴിയുന്ന സമയത്ത് യുവതി ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അങ്ങനെ കോടതി ഇടപെടുകയും കുഞ്ഞിന് മറ്റൊരു പേര് നൽകുകയും ചെയ്തു. അതോടെ വർഷങ്ങളായി പിണങ്ങി നിന്ന ദമ്പതികൾ ഒന്നിക്കുകയും തുടർന്ന് കോടതിയിൽ നിന്ന് തന്നെ മാലകൾ കൈമാറി മധുരം നുകർന്ന് വീട്ടിലേക്കു മടങ്ങുകയും ചെയ്തു
