Headlines

ഞങ്ങളുടെ ദൗത്യം പരാജയപ്പെടാൻ ഒരിക്കലും അനുവദിക്കില്ല’; ബോസിന് മുന്നില്‍ സാഷ്ടാംഗം വീണ് നമസ്കരിച്ച് ജീവനക്കാർ

സോഷ്യലിസ്റ്റ് ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തികള്‍ പക്ഷേ മുതലാളിത്ത പ്രവണതയുള്ളതാണെന്ന ആരോപണം നേരിടുന്ന രാജ്യമാണ് ചൈന. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും പുറത്ത് വന്നത്. ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാർ അവരുടെ ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.


വീഡിയോയില്‍ ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാർ അവരുടെ ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് തങ്ങളുടെ വിശ്വസ്തതയുടെയും ബോസിനോടുള്ള ഭക്തിയും തെളിയിക്കാന്‍ ശ്രമിക്കുന്നു. തെക്കൻ നഗരമായ ഗ്വാങ്ഷുവിൽ നിന്നും പകര്‍ത്തിയ ഈ ദൃശ്യങ്ങൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ, രാജ്യത്തെ തൊഴില്‍ സംസ്കാരത്തില്‍ കടന്നു കൂടിയ പുതിയ പ്രവണതകളെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടിയില്‍ സജീവമായ ചര്‍ച്ച തന്നെ നടന്നു.

വീഡിയോയില്‍ സ്ത്രീ പുരുഷന്മാരായ എല്ലാ ജീവനക്കാരും ഓഫീസിലെ ഇടനാഴിയില്‍ നിലത്ത് നീണ്ട് നിവര്‍ന്ന് കിടക്കുന്നത് കാണാം. ‘ക്വിമിംഗ് ബ്രാഞ്ചിലെ ബോസ് ഹുവാങ്ങിനെ സ്വാഗതം ചെയ്യുന്നു. ജീവിച്ചാലും മരിച്ചാലും ഞങ്ങളുടെ പ്രവർത്തന ദൗത്യം പരാജയപ്പെടാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെ’ന്ന് വീഡിയോയ്ക്കൊപ്പം എഴുതിയിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും ജീവനക്കാരുടെ പ്രവര്‍ത്തിയില്‍ സംശയം പ്രകടിപ്പിച്ചു. പലരും വിഡീയോയുടെ ആധികാരികതയെ ചോദ്യം ചെയ്തു. കമ്പനിയുടെ നിയമ വകുപ്പ് സംഭവത്തില്‍ യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാതിരുന്നതിനെയും ചിലർ ചോദ്യം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം വിവാദമായതിന് പിന്നാലെ കമ്പനി ബോസ് അത്തരമൊരു സംഭവത്തില്‍ ഉൾപ്പെട്ടിട്ടില്ലെന്നും വീഡിയോയില്‍ ഉള്ളത് പോലെയൊരു സമ്പ്രദായമല്ല കമ്പനിയുടേതെന്നും കമ്പനിയുടെ നിയമ വകുപ്പ് പ്രസ്ഥാവന ഇറക്കി. അതേസമയം സമൂഹ മാധ്യമങ്ങളില്‍ രാജ്യത്തെ തൊഴില്‍ സംസ്കാരത്തെ കുറിച്ച് രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളായിരുന്നു കുറിക്കപ്പെട്ടത്.

പല തൊഴിലിടങ്ങളിലും ജീവനക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്നും പലപ്പോഴും കടുത്ത സമ്മര്‍ദ്ദമാണ് തൊഴിലിടങ്ങളിലുള്ളതെന്നും നിരവധി പേര്‍ പരാതി ഉന്നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ചില കമ്പനികള്‍ തൊഴിലാളികളുടെ അനുസരണയും ആത്മാര്‍ത്ഥതയും പരീക്ഷിക്കാന്‍ മനുഷ്യത്വരഹിതമായ നടപടികളാണ് കൈക്കൊള്ളാറുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: