ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി

ബീജിങ്: ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിംഗ് (64) എന്നയാളെയാണ് തൂക്കിലേറ്റിയത്. നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയുടെ ചുമതലയുണ്ടായിരുന്ന ലീ അനധികൃതമായി 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചെന്ന കേസിലാണ് വധശിക്ഷ നടപ്പാക്കിയത്.

2022 സെപ്റ്റംബറിലാണ് കോടതി ലീ ക്ക് വധശിക്ഷ വിധിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തെ തുടർന്നാണ് ചൊവ്വാഴ്ച ലീയുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്നർ മംഗോളിയയിലെ ഒരു കോടതിയാണ് വിധി നടപ്പാക്കിയതെന്ന് സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

അനധികൃതമായി മൂന്ന് ബില്യൺ യുവാൻ (ഏകദേശം 3,500 കോടി ഇന്ത്യൻ രൂപയോളം) സമ്പാദിച്ചു എന്നാണ് 64 കാരനായ ലി ജിൻപിംഗിനെതിരെയുള്ള കേസ്. കേസിൽ ലീ കുറ്റക്കാരനാണെന്ന് ഇന്റർമീഡിയറ്റ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ചൈനയുടെ ചരിത്രത്തിലെ ഒരു അഴിമതി കേസിൽ ഉൾപ്പെട്ട ഏറ്റവും വലിയ തുക എന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങൾ നേരത്തേ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.

2012-ൽ അധികാരത്തിൽ വന്നതുമുതൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് അഴിമതി വിരുദ്ധ കാമ്പെയ്‌നെയാണ് തൻ്റെ ഭരണ മാതൃകയുടെ പ്രധാന കർമപദ്ധതിയാക്കി ഉയർത്തിക്കാട്ടിയിരുന്നത്. അതിനിടെയാണ് ഉദ്യോഗസ്ഥതലത്തിൽനിന്നുതന്നെ ഇത്തരമൊരു അഴിമതി പുറംലോകമറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ മന്ത്രിമാരും ഡസൻ കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ പത്തുലക്ഷത്തിലേറെ പാർട്ടി ഭാരവാഹികളുമാണ് ശിക്ഷിക്കപ്പെടുകയും വിചാരണനേരിടുകയും ചെയ്തതെന്നാണ് ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

ഈ വർഷം ജനുവരിയിൽ സെൻട്രൽ കമ്മിഷൻ ഫോർ ഡിസിപ്‌ലൈൻ ഇൻസ്പെക്ഷൻ്റെ (സിസിഡിഐ) പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗത്തിൽ, ഷി അഴിമതിയെ നേർക്കുനേർ നേരിടാൻ കേഡറുകളോട് ആഹ്വാനം ചെയ്തിരുന്നു. പാർട്ടിയുടെ സ്വയം വിപ്ലവത്തെ എല്ലാ പാർട്ടി അംഗങ്ങളും ആഴത്തിൽ പ്രോത്സാഹിപ്പിക്കണമെന്ന് ഷി പറഞ്ഞിരുന്നു.

അതേസമയം നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ചൈനയിൽ അഴിമതിയുടെ പേരിൽ ശിക്ഷ അനുഭവിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. പട്ടാളത്തിലെ ഷീയുടെ അഴിമതി വിരുദ്ധ ക്യാമ്പെയ്ൻ ആഗോള ശ്രദ്ധയാകർഷിച്ചിരുന്നു. ഇത് അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: