ടേക്കോഫിനൊരുങ്ങിയ വിമാനത്തിന്റെ ഗോവണി മാറ്റിയത് അറിയാതെ എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് താഴെവീണു

ലണ്ടൻ: ടേക്കോഫിനൊരുങ്ങിയ വിമാനത്തിന്റെ ഗോവണി മാറ്റിയത് അറിഞ്ഞില്ല. എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് താഴെവീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് ഗോവണിയുണ്ടെന്നു കരുതി വിമാനത്തിന്റെ വാതിലിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിച്ച് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍സ് ബ്രാഞ്ച്.

ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. എയര്‍ക്രാഫ്റ്റിന്‍റെ വാതിലില്‍ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാല്‍വെച്ച എയര്‍ഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ ഈസ്റ്റ് മിഡ്‍ലാൻഡ്സ് ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തി എയര്‍ ഹോസ്റ്റസിനെ നോട്ടിങ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. കോണി ഘടിപ്പിച്ചിട്ടുണ്ടെന്ന് കരുതി ക്യാബിന്‍ ക്രൂ വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഗോവണി മാറ്റിയിരുന്നു. ഇതോടെ ക്യാബിന്‍ ക്രൂ താഴേക്ക് വീഴുകയായിരുന്നു.

ഡിസംബര്‍ 16 ന് വൈകിട്ട് 4:31നാണ് മെഡിക്കല്‍ എമര്‍ജന്‍സി സംബന്ധിച്ച് കോള്‍ ലഭിക്കുന്നതെന്നും ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി എയർ ആംബുലന്‍സ് സേവനം ലഭ്യമാക്കിയെന്ന് ഈസ്റ്റ് മിഡ്‍ലാന്‍ഡ്സ് എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ക്യാബിന്‍ ക്രൂ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സൈമണ്‍ ഹിഞ്ച്ലി പറഞ്ഞു. എയര്‍ഹോസ്റ്റസ് വിമാനത്തില്‍ നിന്ന് വീണ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍സ് ബ്രാഞ്ച് സ്ഥിരീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: