പത്തനംതിട്ട: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആവണിപ്പാറ സ്വദേശിയായ 20 കാരിയാണ് ജീപ്പിൽ പ്രസവിച്ചത്. വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കൾ ട്രൈബൽ പ്രൊമോട്ടറായ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പിൽ കയറ്റി കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മണ്ണാറപ്പാറ ഭാഗമെത്തിയപ്പോൾ യുവതി ജീപ്പിൽ വച്ച് പ്രസവിച്ചു.
കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ മകളുമാണ് പ്രസവ സമയത്ത് യുവതിയെ പരിചരിച്ചത്. തുടർന്ന് കോന്നി മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് എത്തിച്ച് യുവതിയേയും കുഞ്ഞിനേയും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രുഷകൾ നൽകിയതിന് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലെന്നും ഡോക്ടർമാർ അറിയിച്ചു. ഗതാഗത യോഗ്യമല്ലാത്ത ദുർഘടമായ അച്ചൻകോവിൽ കല്ലേലി റോഡിലൂടെയുള്ള യാത്രയാണ് ആശുപത്രിയിലെത്തും മുൻപ് യുവതി പ്രസവിക്കാനിടയാക്കിയത്.

