സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി വാഴത്തോപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനച്ചടങ്ങും ലോക സാക്ഷരതാ ദിനാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരത നേടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ പശ്ചാത്തലത്തിലാണ് ഇ-മുറ്റം പോലുള്ള ഡിജിറ്റല്‍ സാക്ഷരത പദ്ധതികള്‍ പ്രസക്തമാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ സാക്ഷരതാ ദിന സന്ദേശം നല്‍കി.
സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ആദ്യ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുന്നത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ്. പഞ്ചായത്തില്‍ ഇ-മുറ്റം പദ്ധതി പ്രകാരം 1102 പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും നടത്തിയിരുന്നു. ഇതില്‍ 1097 പഠിതാക്കള്‍ വിജയിച്ചു. ഇവര്‍ക്ക് പരിശീലനം നല്‍കിയ ഇന്‍സ്ട്രക്ടര്‍മാരെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിജി ചാക്കോ മൊമെന്റോ നല്‍കി ആദരിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, ടി. ഇ നൗഷാദ്, വിന്‍സന്റ് വള്ളാടി, ഏലിയാമ്മ ജോയി, നിമ്മി ജയന്‍, ആലീസ് ജോസ്, ടിന്റു സുഭാഷ്, കുട്ടായി കറുപ്പന്‍, അജേഷ് കുമാര്‍, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
