ബാൽഡ് ഈഗിൾ ഇനി അമേരിക്കയുടെ ദേശീയപക്ഷി

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയൻ പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ 240 വർഷത്തിലേറെയായി ബാൽഡ് ഈഗിൾ എന്നറിയപ്പെടുന്ന വെള്ളത്തലയൻ പരുന്ത് ഉണ്ടെങ്കിലും ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അധികാരമൊഴിയും മുമ്പ് പ്രസിഡന്റ് ജോ ബൈഡൻ ഇതു സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയായിരുന്നു.

നേരത്തെ യുഎസ് കോൺഗ്രസ് ഇത് സംബന്ധിച്ച നിയമനടപടികൾ പൂർത്തീകരിക്കാനുളള രേഖകൾ പ്രസിഡന്റിന് അയച്ചിരുന്നു. ഇതിലാണ് ബൈഡൻ ഒപ്പുവെച്ചത്. വടക്കേ അമേരിക്കയിലാണ് ബാൽഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി 240 വർഷത്തെ അഗാധബന്ധമുണ്ട്. വടക്കേ അമേരിക്ക, കാനഡ, അലാസ്‌ക, വടക്കൻ മെക്‌സിക്കോ എന്നിവിടങ്ങളിൽ ഇതിനെ കാണാം.

മഞ്ഞ കൊക്ക്, തവിട്ട് നിറമുള്ള ശരീരം, വെള്ളത്തൂവലുകൾ നിറഞ്ഞ തലഭാഗം തുടങ്ങി ആകർഷകമായ പ്രത്യേകതകളുള്ള പക്ഷിയാണിത്. 240 വർഷത്തിലേറെയായി യുഎസ് ചിഹ്നങ്ങളിൽ ഉണ്ട്. 1782 മുതൽ ഇത് യുഎസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്രേറ്റ് സീലിൽ ഇടംപിടിച്ചിരുന്നു. അതേ വർഷം തന്നെ കോൺഗ്രസ് ദേശീയ ചിഹ്നമായി ബാൽഡ് ഈഗിളിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക രേഖകൾ, പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി എന്നിവയിൽ ഇവയുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ രണ്ടു നൂറ്റാണ്ടിലേറെയായി ബാൽഡ് ഈഗിളിനെ കാണാമെങ്കിലും ദേശീയ പക്ഷിയായി അംഗീകരിച്ചിരുന്നില്ല. ഇതിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിരുന്നു. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: