ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാ ക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യയാണ് നടനെതിരെ ചുമത്തിയിരുന്നത്. ഡിസംബർ 13 ന് പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്.
സംഭവത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിൻ്റെ അനുമതിയോടെയാണ് തീയേറ്ററിൽ എത്തിയതെന്നുമായിരുന്നു നടന്റെ വാദം. എന്നാൽ, അനുമതി ഇല്ലാതെ തിയേറ്ററിൽ എത്തിയ അല്ലു അർജുൻ്റെ സാന്നിധ്യമാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ ഹൈദരാബാദ് പൊലീസ് കോടതിക്ക് കൈമാറി. സംഭവത്തില്‍ സന്ധ്യ തിയേറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.

