സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോഷക സംഘടനയായ കർഷക സംഘം . മന്ത്രി ജി ആർ അനിലിനെ മുന്നണിയുടെ നയം പഠിപ്പിക്കണം. നെല്ലിന്റെ വില നൽകാതെ കർഷകരെ കണ്ണീരു കുടിപ്പിക്കുന്നത് എൽഡിഎഫ് നയമല്ല. വാഴക്കുല വെട്ടി പടം ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ലെന്നും കൃഷി മന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കിൽ മാറിപ്പോകണമെന്നും കർഷക സംഘം വിമർശനം ഉന്നയിച്ചു.
ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ എൽഡിഎഫ് സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്നു. 400 കോടി കടമെടുത്തിട്ടും കർഷകന് നെല്ലിന്റെ വില നൽകിയിട്ടില്ല. ധനമന്ത്രി പണം നൽകിയിട്ടല്ല നെല്ലിന്റെ വില മുൻപും നൽകിയിരുന്നത്. കേരളാ ബാങ്ക് കൂടുതൽ പലിശ ചോദിച്ചെന്നു സപ്ലൈകോ സർക്കാരിനെയും വകുപ്പു മന്ത്രിയെപ്പോലും തെറ്റിധരിപ്പിച്ചു. ഇതര ബാങ്കുകളിൽ നിന്നും വായ്പ എടുത്തതിന് എന്ത് ഉപഹാരം കിട്ടി എന്നു അന്വേഷിക്കേണ്ടിവരും.
ഇതു വഴി സർക്കാരിന് കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കർഷകസംഘം നേതക്കാൾ ആരോപിച്ചു.
നെല്ലിന്റെ വില ആവശ്യപ്പെട്ടു കേരള കർഷകസംഘം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസിലേക്കു നടത്തിയ മാർച്ചിലാണു ഭക്ഷ്യ, കൃഷി മന്ത്രിമാർക്ക് എതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചത്. നെല്ലിന്റെ വില കിട്ടാതെ കർഷകർ സപ്ലൈകോ ഉദ്യോഗസ്ഥരെ തെരുവിൽ കാണേണ്ടി വരുന്നതിനു മുൻപു മര്യാദയ്ക്കു പണം നൽകണം. ഇല്ലെങ്കിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഓഫിസുകൾ പ്രവർത്തിക്കില്ല. നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാഴക്കുല വെട്ടി ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ല. മന്ത്രി ജി ആർ അനിലിനും , പി പ്രസാദിനുമെതിരെ കർഷകസംഘം
