റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനില്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിന്‍ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ മരിച്ചത്. നേരത്തെ റഷ്യന്‍ അധിനിവേശ യുക്രൈനില്‍ നിന്നു ജെയിന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാന്‍ഡര്‍ക്ക് നല്‍കിയെങ്കിലും ഓര്‍ഡര്‍ മടക്കി അയക്കുകയാണ് ഉണ്ടായത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: