തിരുവനന്തപുരം: യുവതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരനായ ഭർത്താവ്. മാരായമുട്ടം, മണലുവിള സ്വദേശിനി പ്രിയക്കാണ് വെട്ടേറ്റത്. യുവതിയുടെ ഭർത്താവ് രഘുൽ ബാബു (35) കഴുത്തിന് വെട്ടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനാണ് രാഹുൽ ബാബു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം.
പ്രിയയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടുന്ന സമയം കുതറി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. രാഹുൽ ബാബു പതിവായി തന്നെ ആക്രമിക്കാറുണ്ടെന്ന് പ്രിയ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിയ വനിതാ ശിശു വകുപ്പിൽ പരാതിപ്പെട്ടിരുന്നു.
പ്രിയക്കും രണ്ട് മക്കൾക്കും വനിതാ ശിശു വകുപ്പ് സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളിൽവച്ച് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രിയ നെയ്യാറ്റിൻകര ഡി വൈ എസ് പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മാരായമുട്ടം പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാരായമുട്ടം സർക്കിൾ ഇൻസ്‌പെക്ടർ, രാഹുൽ ബാബുവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്‌റ്റേഷനിൽ ഹാജരായില്ലെന്നാണ് വിവരം.
