Headlines

ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം; ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുതുക്കി നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകുന്നത്.

കഴിഞ്ഞ ദിവസം പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി നിർമ്മിക്കാൻ ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിരുന്നു. തോട്ടില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ വേലി കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനാണ് പദ്ധതി. അടുത്തിടെ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ച സാഹചര്യത്തിലാണ് സംരക്ഷണ നടപടികള്‍ ത്വരിതപ്പെടുത്തിയത്. ആമയിഴഞ്ചാന്‍ തോട് സംരക്ഷണത്തിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തികളില്‍ അവസാനത്തേതാണ് ഇവ.

ഇതിനു മുന്‍പ് കണ്ണമ്മൂല മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തിന്റെ പുനര്‍ നിര്‍മാണത്തിനും ചെളി നീക്കുന്നതിനും വേണ്ടി 25 കോടി രൂപ ജലസേചന വകുപ്പ് അനുവദിച്ചിരുന്നു. അതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ (പഴവങ്ങാടി തോട്) റെയില്‍വേ ട്രാക്കിന് അടിയിലെ ടണല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണം പൂർത്തിയാക്കി.

1,500 ഘന മീറ്റര്‍ മണ്ണും ചെളിയും മാലിന്യവും ടണലിനുള്ളില്‍നിന്ന് നീക്കി. 117 മീറ്റര്‍ നീളമുള്ള ടണല്‍ വൃത്തിയാക്കാന്‍ 63 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ശുചീകരണ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയി മരിച്ചതിന് പിന്നാലെയാണ് ടണല്‍ വൃത്തിയാക്കാന്‍ നടപടി ആരംഭിച്ചത്. ടണലില്‍നിന്ന് ശേഖരിച്ച മണ്ണും ചെളിയും ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളം പൂര്‍ണമായി തോര്‍ന്നശേഷം ഇതു നീക്കം ചെയ്യുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി കഴിഞ്ഞ ഏപ്രില്‍ 20ന് ഇറിഗേഷന്‍, റെയില്‍വേ, കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ 150 ഘന മീറ്റര്‍ ചെളിയും മാലിന്യവും ടണലില്‍ അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഒബ്സര്‍വേറ്ററി ഹില്ലിലെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നും ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലില്‍ എത്തിച്ചേരുന്ന ആമയിഴഞ്ചാന്‍ തോടിന്റെ നീളം 12 കിലോമീറ്ററാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: