പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ഞാൻ നിന്നോടുകൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് നടി അപർണ വിനോദ്. സിദ്ധാർഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറിൽ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അഭിനയിച്ചു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപർണ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2021ലായിരുന്നു ഈ ചിത്രം റിലീസായത്. ഇതിന് ശേഷം സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം 2023 ഫെബ്രുവരി 14നാണ് വിവാഹിതയായത്. ഇപ്പോഴിതാ, രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഭർത്താവ് റിനിൽരാജിൽ നിന്നും വിവാഹമോചനം നേടിയിരിക്കുകയാണ് അപർണ.
രണ്ട് വർഷം മാത്രമാണ് അപർണയുടെ ദാമ്പത്യ ജീവിതം നീണ്ടുനിന്നത്. 2023 ലെ വാലന്റൈൻസ് ദിനത്തിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽരാജുമായുള്ള അപർണയുടെ വിവാഹം. ഇപ്പോഴിതാ, വിവാഹമോചനം സ്ഥിരീകരിച്ച് അപർണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അപർണയുടെ വാക്കുകൾ..
‘‘ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, പക്ഷേ മുന്നോട്ടു വളരാനും എന്നിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളർച്ചയ്ക്കു വഴിവയ്ക്കുന്ന ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമായിരുന്നു, അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ട് പോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു. ഈ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുമ്പോട്ടുള്ള യാത്ര പ്രതീക്ഷയോടെയും പോസിറ്റീവോടെയും സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’
കോളേജ് പഠനകാലത്ത് യൂണിവേഴ്‌സിറ്റിതല നാടക മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അപർണ വിനോദ്. പ്രസിഡൻസി കോളേജിൽ നിന്ന് എംഎസ്‌സി സൈക്കോളജിയിൽ പൂർത്തിയാക്കി.
