തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോൺസൻ ഔസേപ്പിനെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ ഇയാളെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വിഷവസ്തു എന്തോ കഴിച്ച ഇയാളെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം.
കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പിനെ കഴിഞ്ഞ ഏഴാം തിയതി മുതൽ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ ഇയാളുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ ഔസേപ്പ്. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ പണമിടപാട് നടത്തിയതായും പോലീസ് കണ്ടെത്തി. തന്നോടൊപ്പം ജീവിക്കാൻ ജോൺസൻ അതിരയോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു എന്നാൽ ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ(30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. വീട്ടിലെ സ്‌കൂട്ടറും കാണാതായിരുന്നു. കൊലയ്ക്ക് പിന്നാലെ ആതിരയുടെ സ്കൂട്ടറുമായായിരുന്നു പ്രതി രക്ഷപ്പെട്ടത്. ഇന്നലെ സ്കൂട്ടർ പൊലീസ് കണ്ടെത്തിയിരുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര
