കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിക്കുന്നതിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങൾക്ക് കാരണമായി. സംഭവത്തിന് പിന്നാലെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു അതെന്ന് പ്രൊഫസർ വിശദീകരിച്ചു. ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം.
വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങളിലേക്ക് ഇത് വഴിമാറി. ഇതോടെ സംഭവം അന്വേഷിക്കാൻ സർവകലാശാല പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറിൽനിന്ന് വിശദീകരണം തേടുകയും ചെയ്തു.
ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമാണെന്നും യഥാർത്ഥമല്ലെന്നും പ്രൊഫസർ സർവകലാശാല അധികൃതരോട് വിശദീകരിച്ചു. കോളേജിന്റെ ഡോക്യുമെൻ്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാർട്ട്മെന്റിനെ മോശമാക്കി കാണിക്കാൻ മനഃപൂർവ്വം പുറത്തുവിട്ടതാണെന്നും അവർ ആരോപിച്ചു.
അതേസമയം അന്വേഷണം അവസാനിക്കുന്നത് വരെ അധ്യാപികയോടും വിദ്യാർഥിയോടും ലീവിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു മാർട്ട്മെന്റുകളിലെ വനിതാ പ്രൊഫസർമാർ അടങ്ങിയതാണ് അന്വേഷണ കമ്മിറ്റി.
