വാഷിങ്ടൺ: അമേരിക്കയിൽ 19 വയസ്സിന് താഴെയുള്ളവരുടെ ലിംഗമാറ്റം തടയൽ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ലിംഗമാറ്റത്തിനെതിരാണ് അമേരിക്കൻ നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതോടൊപ്പം ലിംഗമാറ്റം വിനാശകരമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഭിന്നലിംഗക്കാരെ പരിഗണിക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങൾ തിരുത്തുമെന്ന് സ്ഥാനമേറ്റ വേളയിൽതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈന്യത്തിൽനിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി, സൈന്യത്തിൽ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ നാമങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്സെത് ചുമതലയേറ്റതിന് പിന്നാലെയാണ് ട്രംപ് തിങ്കളാഴ്ച ഇതിനുള്ള നടപടി സ്വീകരിച്ചത്. ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽപോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തില്ലെന്നും ട്രംപ് ആരോപിച്ചു.