തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസ്സുകാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിന്റെ അമ്മാവൻ പോലീസിനോട് കുറ്റ സമ്മതം നടത്തി. കുഞ്ഞിനെ ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് സൂചന. മൃതദേഹത്തിൽ ഉപദ്രവമേറ്റ പാടുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. തുടക്കത്തിൽ തന്നെ അസ്വാഭാവികത പോലീസിന് തോന്നിയിരുന്നു. വീട്ടിലുള്ളവർ തന്നെയാണ് മരണത്തിന് പിന്നിലെന്ന് ആദ്യം മുതലേ സംശയം ഉയർന്നിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചത്. ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ മരണം; കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവൻ, ഉറങ്ങിക്കിടന്ന കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി
