ക്രൈം സീരിയലുകൾ കണ്ട് പഠിച്ച് മോഷണത്തിനുള്ള പ്ലാൻ തയാറാക്കി. പോലീസിനെ വെട്ടിച്ച് കുറച്ചുകാലം മോഷണം നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. വ്യക്തമായ പ്ലാനിങ്ങിലൂടെ പ്രവർത്തിച്ചതിനാൽ ലക്ഷങ്ങളുടെ മോഷണം നടത്തിയ പ്രതികളെ തിരഞ്ഞ് പോലീസും കുറച്ച് ബുദ്ധിമുട്ടി. പക്ഷേ ഒടുവിൽ രാജസ്ഥാൻ സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് തന്ത്രപരമായി പിടികൂടി. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കയാണ്.
ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയ പരമ്പരകൾ കണ്ടാണ് തങ്ങൾ മോഷ്ടിക്കാനുള്ള പ്ലാൻ തയ്യാറാക്കിയത് എന്നാണത്രെ പ്രതികൾ പറഞ്ഞത്. രാജസ്ഥാൻ സ്വദേശികളാണ് പിടിക്കപ്പെട്ട മൂന്നുപേരും. ഇവരിൽ നിന്നും ഒരു കാറുൾപ്പെടെ 9.44 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ആറ് മോഷണക്കേസുകളാണ് മൂന്നുപേരുടെ അറസ്റ്റോടെ പൊലീസ് പരിഹരിച്ചിരിക്കുന്നത്.
മനക്ചന്ദ് ബുധരംജി കുമാവത് (35), ഭുണ്ഡറാം എന്ന ബാബു കരണംജി കുമാവത് (38), ഗണപത് ബാഗ്ദാറാംജി കുമാവത് (41) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രാജസ്ഥാനിലെ ബിറോൾ സ്വദേശികളാണത്രെ ഇവർ.
ഹൈദറാബാദിലാണ് മൂന്നുപേരും ആദ്യം മോഷണം നടത്തിയത്. അവിടെ നിന്നും പിടിക്കപ്പെട്ടു എങ്കിലും അധികം വൈകാതെ ജാമ്യത്തിൽ ഇറങ്ങി. ആദ്യത്തെ അറസ്റ്റിന് ശേഷം തങ്ങളുടെ മോഷണരീതികൾ പരിഷ്കരിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണത്രെ ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയ പരമ്പരകൾ കാണാൻ തുടങ്ങുന്നത്.
അങ്ങനെ അവർ തങ്ങളുടെ മോഷണരീതികൾ മാറ്റി. ഫോണുകൾ ഉപയോഗിക്കാതിരിക്കാനും ടോൾ ബൂത്തുകൾ ഒഴിവാക്കാനും ഒക്കെ തുടങ്ങി. സോലാപൂർ, ചന്ദ്രപൂർ, ലാത്തൂർ, സാംഗ്ലി എന്നിവിടങ്ങളിലെല്ലാം സംഘം മോഷണം നടത്തി.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ടോൾ ബൂത്തുകളൊഴിവാക്കിയതും ഒക്കെ പൊലീസിന് അവരെ പിടികൂടുന്നത് കുറച്ച് ബുദ്ധിമുട്ടാക്കി എന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നത്. സോലാപൂർ സിറ്റിയിൽ എത്തിയ സംഘം രണ്ട് കടയിലാണ് കയറിയത്. സോലാപൂർ പൊലീസ് ഇവരുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.
ക്രൈം ബ്രാഞ്ചിൽ നിന്നുള്ള അസി. പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ക്ഷീരസാഗറിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിന്തുടരാൻ പൊലീസിന് കഴിഞ്ഞത്. കർണിക് നഗർ വഴി ഇവർ നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു വിവരം. അങ്ങനെയാണ് മൂവരേയും പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
