തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യനെ കസ്റ്റഡിയില്‍ എടുത്തു. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ. പിന്നീട് കാഥികൻ എസ്പി കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസമോ ദുർമന്ത്രവാദമോ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും അതിനാൽ കുടുംബം പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നുവെന്നും സാധൂകരിക്കുന്ന മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഇക്കാര്യം സ്ഥരീകരിച്ചു.
ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ശ്രീതു തുടർച്ചയായി കള്ളം പറഞ്ഞിരുന്നതായി അയൽവാസികളായ ഷീബ റാണിയും ഷീജയും മൊഴി നൽകിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവർ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോൾ ശ്രീതു കരയാറുണ്ടെന്നും ഹരികുമാർ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയൽവാസികൾ പറയുന്നു. ഇന്നലെ പൊലീസ് അയൽവാസികളായ രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രതി ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വഴി വീഡിയോ കോളുകൾ വിളിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി ആയിരുന്നു ഹരികുമാർ. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, ദേവസ്വം ബോർഡിൽ ജോലി ലഭിച്ചെന്നും ഇവർ നാട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നു. ഹരികുമാർ കുറേക്കാലം പൂണുലിട്ടാണ് നടന്നിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊല്ലത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് താനെന്നായിരുന്നു ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്.
ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു. സുഹൃത്തായ കരിക്കകം സ്വദേശി 30 ലക്ഷം തട്ടിയെടുത്തുവെന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. വീട് വാങ്ങാൻ കൈമാറിയ പണമാണ് തട്ടിയെടുത്തതെന്നാണ് മൊഴി. അതേസമയം, സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരികുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തുവെന്നാണ് പൊലീസിനോട് ഹരികുമാറിന്റെ മറുപടി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.
കുഞ്ഞിൻറെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഹരികുമാറിൻ്റെ അമ്മയുടെയും മൂത്ത കുട്ടിയുടെയും മൊഴിയും പൊലീസ് ശേഖരിക്കുന്നുണ്ട്. മൂത്ത കുട്ടിയെയും ഹരികുമാർ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലിൽ തന്നെയാണ്.
